• image097449 59756
  • imageinfo@dayacharitabletrustpki.in
image

പാലക്കാട് ജില്ലയിലെ ലെക്കിടിയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവാസ കേന്ദ്രമായ പോളി ഗാർഡനിൽ വെച്ച് 12.12.15 ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡംഗം Sreeram MV യുടെ പിതാവ് ശ്രീ.രാധാകൃഷ്ണൻ മാസ്റ്ററുടെ 65-ാം പിറന്നാൾ ആഘോഷിക്കുകയുണ്ടായി.ആഘോഷങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ആളുകളുടെ ഇടയിലേക്ക് സ്നേഹവിരുന്നുമായി 70 പേരടങ്ങിയ ടീം ദയ എത്തിയപ്പോൾ , പോളിഗാർഡനിലെ നിഷ്കളങ്കതയുടെ പര്യായങ്ങളായ പലജാതി പൂക്കൾ ആനന്ദനൃത്തമാടി. ടീം ദയയുടെ സാന്നിദ്ധ്യം ഇടയ്ക്കിടക്ക് ഉണ്ടാവാറുളളതിനാലാവാം തങ്ങളുടെ ഒറ്റമിത്രങ്ങളെ കാണാൻ കഴിഞ്ഞതു പോലുളള സന്തോഷം അവരുടെ കണ്ണുകളിൽ പ്രകടമായിരുന്നു. ഞങ്ങൾക്ക് ഷേക് ഹാൻഡ് നൽകിയും കെട്ടിപ്പിടിച്ചും തൊട്ടു നോക്കിയും കൊച്ചു കൊച്ചു കുശലാന്വേഷണങ്ങൾ നടത്തിയുമുളള അവരുടെ സ്നേഹപ്രകടനം അതീവ ഹൃദ്യമായിരുന്നു. പോളിഗാർഡൻ ഡയറക്ടർ സിജു വിതയത്തിൽ സ്വാഗതമാശംസിച്ചു കൊണ്ട് പോളിഗാർഡനെക്കുറിച്ച് വിശദീകരിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ.E B രമേഷ്, 65-ാം പിറന്നാൾ ആഘോഷിക്കുന്ന ശ്രീ.രാധാകൃഷ്ണൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിൻ പാനൽ അംഗങ്ങളായ ശ്രീമതി. ശ്രീലത ടീച്ചർ, ശ്രീ. പുഷ്പരാജ് കുഴൽമന്ദം, ദയയുടെ അഡ്വൈസറി ബോർഡംഗങ്ങളായശ്രീ. ശ്രീധരൻ മാസ്റ്റർ, ശ്രീ. പത്മനാഭൻ വെളളപ്പാറ, കുഴൽമന്ദം ഗ്രാമ പഞ്ചായത്തംഗം ശ്രീ .ഷാജഹാൻ, ആയക്കുറുശ്ശി മോഡൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ലക്ഷ്മി മോഹൻ, റിട്ട.റബ്ബർ ബോർഡ് കമ്മീഷണർ ശ്രീ. കിങ്സിലി, ശ്രീറാമിന്റെ സഹോദരൻ ശ്രീ. ഹരി റാം എന്നിവർ ആശംസകളർപ്പിച്ചു.ശ്രീറാം നന്ദി രേഖപ്പെടുത്തി. തുടർന്ന് പോളിഗാർഡനിലെ അന്തേവാസിയായ പ്രാഞ്ചിയേട്ടൻ എന്ന ഫ്രാൻസിസ് പെൺവേഷം കെട്ടി അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ഏവരുടെയും മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. മറ്റൊരു അന്തേവാസിയായ ഹരിഹരന്റെ ഗാനങ്ങൾ പ്രൊഫഷണൽ ഗായകരെ വെല്ലുന്ന വിധം അതീവ ഹൃദ്യമായിരുന്നു. പ്രിയ സുഹൃത്ത് ശ്രീ. സലാം ചുനങ്ങാട് അവതരിപ്പിച്ച കരോക്കേ ഗാനമേള അന്തേവാസികൾക്ക് നവ്യാനുഭവമായി. പോളിഗാർഡനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ , അവർക്ക് മുന്നിൽ സൗജന്യമായി ഡ്രം സോളോ അവതരിപ്പിക്കാനെത്തിയ പ്രശസ്ത ഡ്രമ്മർ ശ്രീ. പ്ലാച്ചിമട സുരേഷിന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിൻ പാനൽ അംഗം ശ്രീ .ഗോപകുമാർ മയനാട്ട്, ശ്രീ. ജാബിർ, ശ്രീ.മോഹനൻ താഴത്തേതിൽ, ശ്രീ. ഷാഫി , ശ്രീ.രവി, ശ്രീമതി. ബബിത വിനോദ് എന്നിവരടങ്ങുന്ന റോയൽ ടീം അന്തേവാസികൾക്ക് വിതരണം ചെയ്ത ടീ ഷർട്ടുകൾ അമൂല്യ നിധിപോലെ അവർ ഏറ്റുവാങ്ങി. കൃത്യം 1.30 ന് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു. ഭക്ഷണത്തിനു മുമ്പ് അവർക്കായി ഭക്ഷണമൊരുക്കിയ ശ്രീറാമിന്റെ കുടുംബത്തിനു വേണ്ടി അവ്യക്തമായ ഭാഷയിൽ അവർ നടത്തിയ പ്രാത്ഥന ദൈവങ്ങൾക്ക് സുവ്യക്തമായിരിക്കാം . പ്രസ്തുത കാഴ്ച കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു . സ്വയം ഭക്ഷണം വാരി കഴിക്കാൻ കഴിയാത്ത ആളുകൾക്ക് കെയർടേക്കർമാർ കുഞ്ഞുങ്ങൾക്കെന്ന പോലെ ആഹാരം വായിൽ കൊടുക്കുന്ന കാഴ്ച അതീവ ഹൃദയസ്പർശിയായിരുന്നു. വിഭവസമൃദ്ധമായ സദ്യ കഴിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. അവരോടൊപ്പം ഭക്ഷണം കഴിക്കാനായത് ഞങ്ങൾക്കും ഏറെ സന്തോഷം നൽകുന്ന അനുഭവമായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം കലാപരിപാടികൾ തുടർന്നു. പുതുതായെത്തിയ അന്തേവാസി ശ്രീ.പ്രവീൺ പാടിയ എന്റെ ഖൽബിലേ എന്ന ഗാനം ഏവരുടേയും ഖൽബ് കീഴക്കുന്നതായിരുന്നു. ശ്രീറാമിന്റെ സഹധർമ്മിണിയുടെ ഗാനാലാപനം അതീവ ഹൃദ്യമായിരുന്നു. തൂതയിൽ നിന്നെത്തിയ പുഷ്പ ടീച്ചർ ആലാപന മാധുര്യം കൊണ്ട് ശ്രദ്ധയാകർഷിച്ചു. മാസ്റ്റർ ആദിഷിന്റെ ഗാനം ഏറെ ഹൃദ്യമായിരുന്നു. കവിതയാലപിക്കാനായി വന്ന് പിറന്നാൾ അപ്പൂപ്പന് ആശംസകൾ അർപ്പിച്ചു കൊണ്ട് മാസ്റ്റർ നവനീത് നടത്തിയ കൊച്ചു പ്രസംഗം ഏവരേയും അമ്പരപ്പിച്ചു. ചടങ്ങിനിടയിൽ അന്തേവാസികൾക്ക് ആഴ്ചതോറും സ്വാദിഷsമായ പൊതിച്ചോറ് നൽകാറുളള തിരുവില്വാമല ഇടവകയിലെ അച്ഛനും മദറും അമ്മമാരും കുടുംബാംഗങ്ങളും എത്തിയത് സന്തോഷത്തിന് മാറ്റുകൂട്ടി. ഇടവകയിലെ പെൺകുട്ടികൾ അവതരിപ്പിച്ച പ്രാർത്ഥനാ ഗാനം മനോഹരമായിരുന്നു. ഇടവകക്കാർ കൊണ്ടുവന്ന കേക്ക് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മദറും അച്ഛനും ചേർന്ന് മുറിച്ചു. 5 മണിക്ക് ശേഷം വീണ്ടും കണ്ടുമുട്ടാമെന്ന വാഗ്ദാനത്തോടെ ഞങ്ങൾ പിരിയുമ്പോൾ അവർ ഏറെ സന്തോഷവാന്മാരായിരുന്നു. അന്തേവാസികളെ സന്തോഷിപ്പിക്കാനായി തന്റെ അത്യന്താധുനിക സൗണ്ട് സിസ്റ്റവുമായി എത്തിയ ദയയുടെ അഡ്വൈസറി ബോർഡംഗം ശ്രീ . സലീം ലാർക്കിന്റെ 11 അംഗങ്ങളടങ്ങിയ കുടുംബം, ഗുജറാത്തിലുളള രാമ പ്രദീപ് ചേട്ടന്റെ അമ്മ, ശ്രീമതി. സുജ, വണ്ടിത്താവളം കന്നിമാരിയിൽ നിന്നുമെത്തിയ ശ്രീ.വേലായുധനും കുടുംബവും, ശ്രീമതി. മേരി ടീച്ചർ, ഉഷാ ചന്ദ്രൻ തുടങ്ങിയവരുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ ലക്കിടി പോളി ഗാർഡൻ 1981 ലാണ് രൂപീകൃതമായത്.ഇതിന്റെ സ്ഥാപകൻ ഫാ.പോൾ പൂവത്തിങ്കൽ ആണ്. അദ്ദേഹം 2005ൽ അന്തരിച്ചു. 18 നും 80 നും ഇടയിൽ പ്രായമുള്ള 104 അന്തേവാസികൾ നിലവിൽ പോളിഗാർഡനിലുണ്ട്. 90% പേരും അനാഥരാണ്. 10% പേർ സനാഥരുമാണ്. പക്ഷേ ഓണം പോലുള്ള വിശേഷ സന്ദർഭങ്ങളിൽ പോലും തങ്ങളുടെ കൂടപ്പിറപ്പുകളെ കാണാൻ സനാഥരായ അന്തേവാസികൾ ആഗ്രഹിച്ചാൽ പലരും വീടുകളിൽ കൊണ്ടു പോകാൻ വിസമ്മതിക്കുമത്രേ 104 പേരിൽ 20ളം പേർ രോഗപീഢകളനുഭവിക്കുന്നവരാണ് അവർക്കെല്ലാം കൃത്യ സമയങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ പോളി ഗാർഡൻ ഡയറക്ടർ ശ്രീ സിജു വിതയത്തിലും 10ളം വരുന്ന കെയർടേക്കർമാരും സ്പെഷൽഎഡ്യൂക്കേറ്റർമാരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്. സ്ഥാപനത്തിന്റെ പ്രധാന വരുമാനമാർഗം കനിവു വറ്റാത്ത സുമനസ്സുകൾ നൽകുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരു പാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും അന്തേവാസികളെ സന്തോഷ പുളകിതരാക്കാൻ സിജുവും കൂട്ടരും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. ഒരു തവണ അവിടെ പോയ ആളുകൾ വീണ്ടും വീണ്ടും അങ്ങോട്ടു പോകുന്നതും ഒരു പക്ഷേ സിജുവിന്റേയും കൂട്ടരുടേയും ആത്മാർപ്പണത്തിന്റെ പ്രതിഫലനമായിരിക്കാം.ഇവരെ കാണുവാനും സഹായിക്കുവാനും തയ്യാറുള്ളവർക്ക് സിജുവിനെ ബന്ധപ്പെടാവുന്നതാണ്.സിജു വിതയത്തിൽ ഫോൺ നമ്പർ: 9447030 349. സ്നേഹാദരങ്ങളോടെ ഇ ബി രമേഷ്, ചെയർമാൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ്. 9633868465