• image097449 59756
  • imageinfo@dayacharitabletrustpki.in
image

കാവശ്ശേരി കാരുണ്യ വിപ്ലവത്തിൽ സൗമ്യ എന്ന 24 കാരി യുവതിയുടെ വൃക്ക മാറ്റി വെക്കലിനായി എട്ടാം വാർഡിന്റെ കോർഡിനേറ്ററായി ഊർജ്ജസ്വലമായ പ്രവർത്തനം കാഴ്ചവെച്ച മേഘ എന്ന അവസാന വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിനിയുടെ വീടിന്റെ അവസ്ഥയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ചിരിച്ച മുഖവും സ്മാർട്ടായ പ്രവർത്തനവുമായി തുള്ളിച്ചാടി നടന്നിരുന്ന ഈ കുട്ടി കോർഡിനേറ്റർ ഞങ്ങളുടെയെല്ലാം സ്നേഹ വാത്സല്യങ്ങൾക്ക് പാത്രീഭൂതയായിരുന്നു.. അവളുടെ പ്രസന്ന വദനത്തിനു പിന്നിൽ പ്രക്ഷുബ്ദമായി ക്കൊണ്ടിരിക്കുന്ന വലിയൊരു സങ്കടക്കടലിരമ്പുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ദയയുടെ അഡ്മിൻ പാനലംഗം ശോഭ ടീച്ചർ പറഞ്ഞപ്പോഴാണറിഞ്ഞത്. " ശക്തമായൊരു മഴ പെയ്താൽ ഏത് നിമിഷവും തകർന്നു വീഴുന്ന നിലയിലാണ് ടീച്ചറേ ഞങ്ങളുടെ വീട്.. അടച്ചുറപ്പുള്ള വാതിലു പോലുമില്ലാത്തതിനാൽ ഇരുട്ടായാൽ വല്ലാത്ത പേടിയാണ്. മക്കളെ മാറോട് ചേർത്ത് ഞാനുറങ്ങാതെ കിടക്കും. എനിക്കൊരു ജോലി ശരിയാക്കിത്തരാമോ ടീച്ചറേ.. ആരുടെ മുന്നിലും കൈനീട്ടാൻ താത്പര്യമില്ല. അദ്ധ്വാനിച്ചു ജീവിക്കാനാണിഷ്ടം. ബാത്ത് റൂം കഴുകുന്ന ജോലിയാണെങ്കിലും ഞാൻ ചെയ്യാം. കൊറോണ കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലിയും നഷ്ടപ്പെട്ടപ്പോൾ മക്കളെ പഠിപ്പിക്കാനും നിത്യവൃത്തി കഴിയാനും ഞാൻ വല്ലാതെ ബുദ്ധിമുട്ടുന്നു". മേഘയുടെ അമ്മയുടെ വാക്കുകൾ ഫോണിലൂടെ പറഞ്ഞു തരുമ്പോൾ ശോഭ ടീച്ചറുടേയും കണ്ഠമിടറുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മേഘയെ വിളിച്ച് വീടിന്റെ ഫോട്ടോസും വീഡിയോയും അയച്ചു തരാൻ ആവശ്യപ്പെട്ടു. അവളയച്ചു തന്ന ഫോട്ടോകളിലേക്ക് ഒറ്റ നോട്ടമേ നോക്കേണ്ടി വന്നുള്ളൂ.. അടുത്ത നിമിഷം തന്നെ അവളുടെ കാര്യം ദയയുടെ ഉന്നതാധികാര സമിതി ഐക്യകണ്ഠേന പ്രഖ്യാപിച്ചു. ദയയുടെ പതിനാലാമത് ദയാഭവനം " മേഘയ്ക്കും ആകാശിനുമൊരു ദയാഭവനം". നിനച്ചിരിക്കാതെയുള്ള ദയയുടെ പ്രഖ്യാപനം കേട്ട് സന്തോഷത്തിന്റേയും ആനന്ദാശ്രുക്കളുടേയും വേലിയേറ്റത്താൽ കണ്ഠമിടറിക്കൊണ്ട് അവളെന്തൊക്കെയോ പറയുന്നുണ്ടായിന്നു.. തൊട്ടടുത്ത ദിവസം രാവിലെ മേഘയെ വിളിച്ച് ഇന്നലെ ഉറങ്ങാൻ കഴിഞ്ഞോ എന്നു ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു " ഇല്ല സർ ഞങ്ങളാരും ഇന്നലെ സന്തോഷം കൊണ്ട് ഒരു പോള കണ്ണടച്ചിട്ടില്ല. ദിവസവും രാത്രി ലൈറ്റിട്ടാണ് ഉറങ്ങാറ്. അല്ലെങ്കിൽ പെരുച്ചാഴി പുതപ്പു കൊണ്ടുപോകും. ഇന്നലെ ഞങ്ങൾക്ക് സന്തോഷം കൊണ്ട് ഉറങ്ങാനായില്ല". ആ വീടിന്റെ ചിത്രം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു പെരുച്ചാഴിമാത്രമല്ല പാമ്പും പഴുതാരയും ആവാസ വ്യവസ്ഥയിലെ സകല ജീവജാലങ്ങളും അതിനുള്ളിലുണ്ടാകുമെന്ന്.. അവർക്കിടയിലാണ് ഇത്രയും കാലം ഈ മനുഷ്യക്കോലങ്ങൾ ആരോടും പരാതിയും പരിഭവവുമില്ലാതെ ഞെരിഞ്ഞമർന്ന് കിടന്നിരുന്നത്. ഓർമ്മ വെക്കും മുമ്പേ അച്ഛനുപേക്ഷിച്ചു പോയ മേഘയേയും ഏഴാം ക്ലാസ്സുകാരനായ അനിയൻ ആകാശിനേയും വളർത്തി വലുതാക്കാൻ അവളുടെ അമ്മ നടത്തിയ അതി ജീവനത്തിന്റെ പോരാട്ടത്തിനിടയിൽ അവർക്ക് വീടും കൂടുമൊന്നുമൊരുക്കാനായില്ല. ഇവരുടെ ദുരിത പർവ്വങ്ങൾക്ക് വിരാമമിടാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നു. കെട്ടുറപ്പിൽ വിട്ടുവീഴ്ചയില്ലാത്ത 420 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കൊച്ചു വീട് 3 മാസത്തിനുള്ളിൽ ഇവർക്കായി നിർമ്മിച്ചു നൽകും. ആറര ലക്ഷം രൂപ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നു.. കാവശ്ശേരിയിൽ നിന്നുള്ള ദയയുടെ ആദ്യ മെമ്പർ ശ്രീ. അനിൽകുമാർ വെള്ളാട്ട് ആണ് ഈ ദയാഭവനത്തിന്റെ മേൽനോട്ട ചുമതലയുള്ള കൺവീനർ. ദയയുടെ പതിമൂന്നാമത് ദയാ ഭവനം കുറ്റമറ്റ രീതിയിലും സമയബന്ധിതമായും നിർമ്മിച്ചു നൽകിയ ദയാകുടുംബാംഗം കൂടിയായ നെന്മാറ ബിൽഡ് ആർക്ക് കൺസ്ട്രക്ഷൻസ് ഉടമ രമേഷാണ് ഇതിന്റെ കോൺട്രാക്ടർ. ലോകമെമ്പാടുമുള്ള ദയയുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഇക്കാര്യത്തിൽ മനസ്സറിഞ്ഞ് സഹായിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. കാവശ്ശേരിക്കാർ ഇതിനെ വികാരപരമായി കാണണം.. നിങ്ങളുടെ കുട്ടിയ്ക്ക് കൂടൊരുക്കാനുള്ള ദയയുടെ പരിശ്രമത്തെ മനസ്സറിഞ്ഞ് സഹായിക്കണം. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു... DAYA CHARITABLE TRUST, PERINGOTTUKURISSI. A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700. Google Pay Phone Pe, PAYTM, BHIM 8943000997 സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ്, ചെയർമാൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ്, പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83.