• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യ ദീപം പദ്ധതിയിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിക്കൊടുക്കുന്ന മൂന്നാമത് വിവാഹത്തിന്റെ ഗുണഭോകതാവായ കുത്തനൂർ സ്വദേശിനി വിസ്മയയുടെ വിവാഹം 29/10/2020 നാണ്. 5 പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹ സദ്യയുമടക്കം മുഴുവൻ ചിലവുകളും വഹിച്ചു കൊണ്ട് വധുവിനെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുകയാണ് ഈ പദ്ധതിയിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നത്. വിവാഹ പ്രായമെത്തിയ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കുന്നതിനു വേണ്ടി സമൂഹത്തിന് നേരെ കൈനീട്ടേണ്ടി വരുന്ന വിധവകളായ അമ്മമാരെ സഹായിക്കാനായി ദയ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യ ദീപം.. ആഭരണങ്ങൾ കണ്ടപ്പോൾ സന്തോഷാധിക്യത്താൽ വിസ്മയയുടെ മുഖത്തു വിടർന്ന പുഞ്ചിരിയും അവളുടെ അമ്മയുടെ കണ്ണിൽ നിന്നുതിർന്നു വീണ കണ്ണീർ തുള്ളികളും ഈ പദ്ധതിയെ നാളിതുവരെ സഹായിച്ച സുമനസ്സുകൾക്കായി സമർപ്പിക്കട്ടെ! സ്വർണ്ണാഭരണങ്ങൾ വാങ്ങിയപ്പോൾ മനുഷ്യത്വത്തിന് ലാഭം വേണ്ടെന്ന് പറഞ്ഞ് സ്വർണ്ണവിലയും നാമമാത്ര പണിക്കൂലിയും മാത്രം വാങ്ങി സഹകരിച്ച കൊടുവായൂരിലെ തൃശൂർ ഗോൾഡ് പാലസ് ജ്വല്ലറിയുടമ ശ്രീ. ജസ്റ്റിന് നന്ദി... ഒക്ടോബർ 29 നാണ് വിവാഹം. മതിയായ ഫണ്ട് ലഭിക്കാത്തതിൽ തെല്ല് ആശങ്കയുണ്ട്. പോസ്റ്റ് ഒരിക്കൽ കൂടി ഷെയർ ചെയ്യുന്നു.. സുമനസ്സുകൾ കനിയുമെന്ന് പ്രതീക്ഷിക്കട്ടെ ! അക്കൗണ്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്. ( " ഹലോ സാർ ദയാ ചാരിറ്റബിൾ ട്രസ്റ്റല്ലേ? സാറേ ഒരു സഹായം കിട്ടുമോ എന്നറിയാനാണ് വിളിക്കുന്നത്.. എന്റെ പേര് സുജാത... കുത്തനൂരിൽ നിന്നാണ് വിളിക്കുന്നത് .. എന്റെ നാത്തൂന്റെ മകളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. എങ്ങനെ നടത്തിക്കൊടുക്കുമെന്നറിയാതെ ബേജാറായിട്ട് ഇരിക്കുമ്പോഴാണ് ഫെയ്സ് ബുക്കിലൂടെ കോട്ടായിലെ സത്യദേവിയുടെ വിവാഹം ദയ നടത്തിക്കൊടുത്തത് അറിഞ്ഞത്. സാറേ ഇവർക്കാരുമില്ല സാറേ... 8 വർഷം മുമ്പ് അവരുടെ അച്ഛൻ കുളത്തിൽ പെട്ട് മരിച്ചു പോയി. ചേച്ചി പണിക്കു പോയിട്ടാണ് രണ്ടു കുട്ടികളേയും പഠിപ്പിച്ചതും അവർ കഴിഞ്ഞു വന്നതും... ചെത്തി തേച്ചിട്ടുപോലുമില്ലാത്ത ഒരു വീട്ടിലാണ് താമസം... സാറ് സഹായിക്കണം..." സുജാതയോട് അപേക്ഷ സമർപ്പിക്കാൻ പറഞ്ഞു. പിറ്റേ ദിവസം തന്നെ അപേക്ഷ ലഭിക്കുകയും തൊട്ടടുത്ത ദിവസം ദയയുടെ അഡ്വൈസറി ബോർഡംഗം ശ്രീ. പപ്പൻ അവരുടെ വീട് സന്ദർശിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തപ്പോൾ ഐക്യകണ്ഠേന ദയ ഇക്കാര്യം ഏറ്റെടുക്കുകയും ചെയ്തു. കുത്തനൂർ കണിയംകോട് സ്വദേശി പരേതനായ കണ്ടമുത്തന്റേയും ലക്ഷമിയുടേയും 2 മക്കളിൽ മൂത്തയാളാണ് വിസ്മയ . അനിയത്തി ആരതി +2 പഠിക്കുന്നു.. വീടിന്റെ അവസ്ഥയെല്ലാം വളരെ ശോചനീയമാണ്. എല്ലാം അറിഞ്ഞിട്ടാണ് ചിതലി സ്വദേശിയായ വിൽസൺ എന്ന യുവാവ് വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചത്.. ഒക്ടോബർ 29 നാണ് വിവാഹം. ദയ മംഗല്യ ദീപം പദ്ധതിയിലൂടെ ഈ വിവാഹം നടത്തിക്കൊടുക്കാൻ ദയ തീരുമാനിച്ചിരിക്കുന്നു. അർഹരായ കേസുകൾ വരുമ്പോൾ പരിഗണിക്കാതിരിക്കാൻ ദയയ്ക്കാവില്ല. 5 പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹ സദ്യയും നൽകി ദയ വിസ്മയയെ കതിർ മണ്ഡപത്തിലേക്ക് അയയ്ക്കണം.. ഇത് ദയ മംഗല്യ ദീപത്തിലൂടെ നടത്തുന്ന മൂന്നാമത് വിവാഹമാണ്. ദയ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർ പേഴ്സൺ ശ്രീമതി. ഷൈനി രമേഷാണ് ഈ പദ്ധതിയുടെ കൺവീനർ. അശ്വതിയുടേയും സത്യ ദേവിയുടേയും വിവാഹങ്ങൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ ലോകമെമ്പാടുമുള്ള ദയയുടെ അഭ്യുദയ കാംക്ഷികളിലും കുത്തനൂരിലെ സുമനസ്സുകളിലും പ്രതീക്ഷയർപ്പിച്ചു കൊണ്ട് ഞങ്ങൾ വിസ്മയയുടെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങട്ടെ ! അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. പരമാവധി സഹായം പ്രതീക്ഷിക്കട്ടെ ! സസ്നേഹം, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83. )