• image097449 59756
  • imageinfo@dayacharitabletrustpki.in
image

" രണ്ടു മാസായി സാറേ ഞാനൊന്ന് ഒറങ്ങീട്ട്.. കല്യാണ തിയതി അടുക്കുന്തോറും വല്ലാ ത്തൊരു ബേജാറ്.. കടം തരാമെന്ന് പറഞ്ഞവരെല്ലാം കൈ മലർത്തുന്നു. ചെറിയൊരു കമ്മൽ മാത്രേ എന്റേലുള്ളൂ.. നല്ലേപ്പിള്ളിയിലെ ദ്രൗപതിയമ്മയാണ് ദയ ട്രസ്റ്റിനെക്കുറിച്ച് പറഞ്ഞു തന്നത്. എന്റെ കുട്ടീനെ സഹായിക്കണം". നിറ കണ്ണുകളോടെ പാർവ്വതിയമ്മ പറഞ്ഞു നിർത്തി. നല്ലേപ്പിള്ളി തെക്കേദേശം പാറക്കാൽ സ്വദേശിനി പാർവ്വതിയുടെ മകൾ ജിനിഷയുടെ വിവാഹം ഡിസം: 13 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. പാർവ്വതിയുടെ ഭർത്താവ് 22 വർഷം മുമ്പ് അവരെ ഉപേക്ഷിച്ച് പോയതാണ്. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ 22 വർഷമായി പുറമ്പോക്കിൽ ഓലക്കുടിൽ കെട്ടി താമസിച്ചു വരുന്നു. ജിനീഷയെക്കൂടാതെ ഒരു മകൻ കൂടിയുണ്ട്. ഇവരുടെ വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി കൊല്ലങ്കോട് സ്വദേശിയായ യുവാവ് ജിനീഷയെ വിവാഹം കഴിക്കാൻ തയ്യാറായി വന്നതാണ്. ദയയുടെ ജില്ലാ കോർഡിനേറ്ററും നല്ലേപ്പിള്ളി സ്വദേശിയുമായ രാജേഷ് മാണിക്കത്തുകളമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. അർഹതപ്പെട്ടവർക്കു നേരെ മുഖം തിരിക്കാനറിയാത്ത ദയ ചാരിറ്റബിൾ ട്രസ്റ്റ് , ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള നാലാമത് വിവാഹമായി ജിനിഷയുടെ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. 5 പവൻ സ്വർണ്ണാഭരണങ്ങൾ, വിവാഹ വസ്ത്രങ്ങൾ, വിവാഹസദ്യ എന്നിവയാണ് ഈ പദ്ധതിയിലൂടെ നൽകുക. ഇതിനായി 3 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. 10 ദിവസത്തിനുള്ളിൽ 3 ലക്ഷം രൂപ എന്നത് ശ്രമകരമായ ദൗത്യമാണ്. ദയയുടെ ശ്രീലകത്തമ്മയായ ശ്രീമതി. ഭുവനേശ്വരിയമ്മയാണ് ഈ പദ്ധതിയുടെ കൺവീനർ. ദയ ഏറ്റെടുക്കുന്ന ഏറ്റവും അർഹമായ കേസുകൾക്ക് നിർലോഭം സഹായിക്കാറുള്ള സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് ഞങ്ങൾ മുന്നൊരുക്കങ്ങൾ തുടങ്ങട്ടെ! അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നുണ്ട്. കഴിയാവുന്ന സഹായം നൽകി സഹകരിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. For Donation : https://dayacharitabletrustpki.in/donation.php