• image097449 59756
  • imageinfo@dayacharitabletrustpki.in
image

ശ്രീഷ്മക്കുട്ടിയേയും കൊണ്ട് ഇന്ന് ദയയുടെ അഡ്മിൻ പാനലംഗം ശ്രീമതി. ലളിത ഹരിയും ദയയുടെ സജീവ പ്രവർത്തകൻ പ്രസാദ് കുഴൽമന്ദവും പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. ബീന ശിവകുമാറും തൃപ്പുണിത്തുറയിലെ പ്രശസ്ത ആയുർവേദ ഹോസ്പിറ്റലായ അഗസ്ത്യ ചികിത്സാ കേന്ദ്രത്തിലേക്കും തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലേക്കും പോകുകയാണ് . തൃപ്പൂണിത്തുറയിൽ ശ്രീഷ്മയ്ക്കുള്ള എല്ലാ ചികിത്സാ ചിലവുകളും താൻ വഹിച്ചുകൊള്ളാമെന്നറിയിച്ചു കൊണ്ട് ദയയുടെ കരുത്തനായ അഭ്യുദയകാംക്ഷിയും മനുഷ്യ സ്നേഹിയുമായ ശ്രീ. ഗോപിനാഥൻ കുട്ടേട്ടൻ കാത്തിരിപ്പുണ്ട്. ഇവരെ അനുഗമിക്കാനായി തൃപ്പൂണിത്തുറ സ്വദേശിയും ദയയുടെ സജീവ പ്രവർത്തകനുമായ റിട്ടയേർഡ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീ. ഉണ്ണിക്കൃഷ്ണൻ സാർ ആവേശപൂർവ്വം കാത്തുനിൽക്കുന്നുണ്ട് . അഗസ്ത്യ ആയുർവേദ ഹോസ്പിറ്റലിലെ പരിശോധനയ്ക്കുശേഷം ആസ്റ്റർ മെഡ്‌സിറ്റിലേക്കു പോകും . അവിടെ ഇവരേയും കാത്ത് എറണാകുളം നോർത്ത് പറവൂർ സ്വദേശിയും റിട്ടയേർഡ് തഹസിൽദാരും അതിലുപരി ദയയുടെ സജീവ പ്രവർത്തകനുമായ ശ്രീ. വി എസ് ജയപ്രകാശ് എന്ന ജെ പി സാർ ഇന്നത്തെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് നിൽക്കുന്നുണ്ടാവും . ശ്രീഷ്മയുടെ ചികിത്സ ഇത്രയും വേഗത്തിൽ പരിഗണിക്കാൻ കാരണക്കാരൻ ജെ പി സാറാണ് . ആസ്റ്റർ മെഡ്സിറ്റിയിൽ ശ്രീഷ്മകുട്ടിക്ക് വി വി ഐ പി പരിശോധനാ സൗകര്യമൊരുക്കിക്കൊണ്ട് ആസ്റ്റർ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ റീജീണൽ ഡയറക്ടറും പ്രിയ സുഹൃത്തുമായ ശ്രീ. ഫർഹാൻ യാസിൻ സാർ കാത്തിരിപ്പുണ്ടാകും . ജന്മനാ ശരീരം തളർന്നു പോയ , ഇരു കണ്ണുകൾക്കും കാഴ്ച ശക്തിയില്ലാത്ത , സംസാരശേഷിയില്ലാത്ത , പര സഹായമില്ലാതെ ഒന്നു തിരിയാൻ പോലുമാവാത്ത പതിനൊന്നുകാരിയാണ് ശ്രീഷ്മ . കുട്ടി അസുഖബാധിതയാണെന്ന് മനസ്സിലായപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയ മനസാക്ഷിയില്ലാത്ത അച്ഛൻ . മുത്തശ്ശിയുടെ തൊഴിലുറപ്പു പണിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലൂടെ അടുപ്പു പുകയ്ക്കാൻ പാടുപെടുന്ന ശ്രീഷ്മയുടെ അമ്മ സുമതിയോട് ഈ കുട്ടിയുടെ ചികിത്സയ്ക്കായി ഏതെങ്കിലും ആശുപത്രികളിൽ പോയാരുന്നോ എന്ന് ചോദിച്ചപ്പോൾ നിറകണ്ണുകളോടെ പറഞ്ഞ മറുപടി “ഇല്ല സാർ “ എന്നായിരുന്നു . അന്നന്നത്തെ അന്നത്തിന് വകയില്ലാത്തവർക്ക് ചികിത്സയും ആശുപത്രികളുമൊക്കെ സ്വപ്നം കാണാൻ പോലുമാവില്ലല്ലോ ? ദ്രവിച്ചു വീഴാറായ ഒരു കൊച്ചു കൂരയിൽ നിന്നും ഇവർക്ക് മോചനം നൽകാനായി ഒരു ദയാഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭൂമി പൂജയ്ക്കായി ശനിയാഴ്ച പോയപ്പോഴാണ് ശ്രീഷ്മക്കുട്ടിയുടെ അവസ്ഥ മനസ്സിലൊരു നൊമ്പരമായി മാറിയത് . പിന്നീട് നടന്നതെല്ലാം ഒരു വിസ്മയമായിരുന്നു . ഇന്ന് ഈ പോകുന്നതും അതിനുശേഷമുണ്ടാകുന്ന സംഭവങ്ങളും എല്ലാം വലിയ വിസ്മയങ്ങളാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം . പ്രപഞ്ചത്തിലെ ഏറ്റവും വലിയ ജാലവിദ്യക്കാരനായ സർവ്വ ശക്തൻ ശ്രീഷ്മയിലൂടെ നമ്മെ ഏവരേയും ത്രസിപ്പിക്കുന്ന ഒരു ജാലവിദ്യയൊരുക്കുന്നതു കാണാനായി നമുക്ക് കാത്തിരിക്കാം .