• image097449 59756
  • imageinfo@dayacharitabletrustpki.in
image

ഞങ്ങളുടെ ഗൃഹ പ്രവേശനത്തോടനുബന്ധിച്ച് ആവിഷ്ക്കരിച്ച പുതിയ മാതൃകയിലൂടെ വീടൊരുക്കിക്കൊടുക്കാൻ തീരുമാനിച്ച തേങ്കുറുശ്ശിയിലെ ബുദ്ധിമാന്ദ്യം സംഭവിച്ച മുപ്പതുകാരൻ ദിലീപ് ഇന്നു മുതൽ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ വീട്ടിൽ അന്തിയുറങ്ങും. പാമ്പിനേയും പെരുച്ചാഴിയേയും ഭയന്ന് മൺതറയിലെ പൊടിപടലങ്ങളിൽ ചുരുണ്ടുകൂടിയ ദിലീപ് ഇനി ടൈൽസ് പാകിയ റൂമിൽ ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിൽ സസന്തോഷം വാഴും. ലൈഫ് മിഷൻ വഴി വർഷങ്ങൾക്ക് മുമ്പ് ലഭിച്ച തുക കൊണ്ട് വീടിന്റെ സ്ക്കെൽട്ടൻ മാത്രമാണ് നിർമ്മിച്ചിരുന്നത് . വർഷങ്ങൾക്കു മുന്നേ അച്ഛനുമമ്മയും നഷ്ടപ്പെട്ട 3 വയസ്സുകാരന്റെ ബുദ്ധിയും മുപ്പതുകാരന്റെ വളർച്ചയുമുള്ള ദിലീപും രണ്ടു സഹോദരന്മാരും തികച്ചും ശോചനീയമായ ആ വീടിന്റെ കോലത്തിലാണ് കഴിഞ്ഞ 5 വർഷങ്ങളായി തല ചായ്ച്ചിരുന്നത് . പ്രസ്തുത വീടിന്റെ രൂപത്തെ ദയാഭവനമാക്കി മാറ്റാൻ മൂന്നര ലക്ഷം രൂപയാണ് ചിലവായത്. പ്രസ്തുത തുകയിൽ 340542/- രൂപയും എന്റെ വീട്ടിരിക്കലിനോടനുബന്ധിച്ച് സമാഹരിച്ച ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ചു. 9458/- രൂപ മാത്രമേ എനിക്ക് നൽകേണ്ടി വന്നിട്ടുള്ളൂ .. ലാഭേച്ഛയില്ലാതെ സമയബന്ധിതമായി ഭവന നിർമ്മാണം പൂർത്തികരിച്ച ദയാ കുടുംബാംഗം കൂടിയായ പാലപ്പുറം വാസ്തുശാസ്ത്ര കൺസ്ട്രക്ഷൻസ് ഉടമ ശ്രീ. രാജേഷിനും, ദിലീപിന്റെ ശോചനീയാവസ്ഥ ദയയ്ക്കുമുന്നിലെത്തിക്കുകയും ഈ ദയാഭവനത്തിന്റെ കൺവീനർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ദിലീപിന്റെ അയൽവാസി കൂടിയായ ദയയുടെ അഡ്വൈസറി ബോർഡംഗം ശ്രീ. ജയപ്രകാശ് തേങ്കുറുശ്ശിക്കും പ്രത്യേക അഭിനന്ദനങ്ങൾ! ഒപ്പം എന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് ദിലീപിന്റെ വീടിനായ് പാരിതോഷികങ്ങൾ പണമായി നൽകിയ പ്രിയ സ്നേഹിതർ, ദയാ കുടുംബാംഗങ്ങൾ , സഹപാഠികൾ, സഹപ്രവർത്തകർ, ബന്ധുക്കൾ, നാട്ടുകാർ, അഭ്യുദയ കാംക്ഷികൾ തുടങ്ങി എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി... “