• image097449 59756
  • imageinfo@dayacharitabletrustpki.in
image

ചാമിക്കുട്ടിക്ക് അന്തിയുറങ്ങാൻ ദയാഭവനമൊരുങ്ങുന്നു. ഒറ്റപ്പാലം: മരിക്കുന്നതിന് മുൻപ് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ സ്വപ്നം കണ്ടിരുന്ന അനങ്ങനടി പഞ്ചായത്തിലെ പാവുക്കോണം സ്വദേശി ചാമിക്കുട്ടിക്കും ഭാര്യ രമണിക്കുമാണ് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിനെട്ടാമത് ദയാഭവനത്തിന്റെ ഭൂമിപൂജയും കുറ്റിയടിക്കലും ഇന്ന് നടന്നത്. പതിനാറുവർഷമായി ശരീരം തളർന്ന് അരക്കു താഴെ ചലനശേഷിയില്ലാതെ സ്വകാര്യ വ്യക്തിയുടെ കററകളത്തിലെ താൽക്കാലിക ഷെഡ്ഢിൽ കരണ്ടും വെളിച്ചവുമില്ലാതെ പ്രാഥമികകൃത്യ നിർവ്വഹണം പോലും നടത്താൻ സൗകര്യമില്ലാതെ ഭാര്യ രമണിയോടൊത്ത് ദുരിത ജീവിതം നയിച്ചു വരികയായിരുന്നു. മക്കളില്ലാത്ത ചാമിക്കുട്ടി മറ്റുള്ളവർക്ക് വീട് നിർമ്മിക്കാൻ കുറ്റിയടിക്കുന്ന മൂത്താശ്ശാരിയായിരുന്നു. സ്വന്തമായൊരു വീടിന് മാത്രം അദ്ദേഹത്തിനു് അതിന് കഴിഞ്ഞില്ല. വാർഡ് മെമ്പർ മുസ്തഫയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് അഞ്ചു സെന്റ് സ്ഥലം വാങ്ങി നൽകിയിരുന്നു . അതിൽ വീട്‌വെച്ച് നൽകാൻ ശ്രമം നടത്തി. അവർക്കതിനു് കഴിയാതെ വന്നപ്പോഴാണ് ദയാ അഡ്മിൻ പാനലംഗം സലീം നാലകത്തിന്റെ നിർദ്ദേശാനുസരണം ദയാ ട്രസ്റ്റിനെ സമീപിച്ചത്. നിരാലംബർക്ക് എന്നും അത്താണിയായ ദയാ ചാരിറ്റബിൾ ട്രസ്റ്റ് പലരും കൈമലർത്തിയ ഈ ദൗത്യം ഏറ്റെടുത്തു. ഇന്ന് കാലത്ത് ഒൻപത് മണിക്ക് ജനകീയ സമിതിയുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ദയയുടെ അഭ്യുദയകാംക്ഷിയും സാംസ്കാരിക പ്രവർത്തകനും പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധനുമായ രാമചന്ദ്രൻ കൊടുമുണ്ട ഈ ഭവനത്തിന് കുറ്റിയടിച്ചു. ചടങ്ങിൽ ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ. ബി.രമേഷ്, വൈസ് ചെയർ പേഴ്സൺ ഷൈനിരമേഷ്, ട്രസ്റ്റി മോഹൻദാസ് മഠത്തിൽ, അഡ്മിൻ പാനലംഗങ്ങളായ ഷുക്കൂർ പട്ടാമ്പി, ശോഭ തെക്കേടത്ത്, വാർഡ് മെമ്പർ മുസ്തഫ പടിയത്ത്, വാണിയംകുളം വ്യാപാരി വ്യവസായി പ്രതിനിധി കെ.പി.കെ.വിജയൻ നായർ, ദയാ കുടുംബാംഗങ്ങളായ അജേഷ്.എ., വാസുദേവൻ കൂമ്പറ്റ, ജനകീയ കമ്മറ്റി ഭാരവാഹികൾ തുടങ്ങി നിരവധി പേർ ഈ ചടങ്ങിൽ സംബന്ധിച്ചു.